ഗ്രാമങ്ങളില്‍ ലഭ്യമായ ഭൗതികവും മാനുഷികവുമായ വിഭവങ്ങളുടെ സമ്പൂര്‍ണ്ണമായ ഉപയോഗം വഴി ഗ്രാമീണ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര -സംസ്ഥാന ഗവണ്‍മെന്‍റുകള്‍ രൂപകല്‍പ്പന ചെയ്യുന്ന വിവിധ ദാരിദ്ര്യ ലഘൂകരണ പദ്ധതികളാണ് ഗ്രാമവികസന കമ്മീഷണറെറ്റ് മുഖേന നടപ്പിലാക്കുനത്. ഗ്രാമീണജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പാര്‍പ്പിടം നിര്‍മ്മിയ്ക്കുന്നതിനുള്ള പദ്ധതികള്‍, നീര്‍ത്തട വികസന പദ്ധതികള്‍, ഗ്രാമ നഗര അന്തരം കുറയ്ക്കുന്നതിലേക്കുള്ള ക്ലസ്റ്റര്‍ വികസനം, ഗ്രാമീണ പശ്ചാത്തല സൗകര്യ വികസനത്തിനുള്ള നബാര്‍ഡ് സഹായത്തോടെയുള്ള വികസന പദ്ധതി, എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന റോഡുകളുടെ നിര്‍മാണത്തിനുള്ള പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന, കൂടാതെ വിവിധ സംസ്ഥാന പദ്ധതികളും നടപ്പിലാക്കുന്നു.
പദ്ധതി നിര്‍വ്വഹണത്തിനായി സംസ്ഥാന തലത്തില്‍ തിരുവനന്തപുരത്ത് നന്തന്‍കോഡ് സ്ഥിതി ചെയ്യുന്ന സ്വരാജ് ഭവനില്‍ ഗ്രാമ വികസന കമ്മീഷണറേറ്റ് പ്രവര്‍ത്തിക്കുന്നു. സാങ്കേതികവും ഭരണപരവുമായ കാര്യങ്ങളില്‍ ഗ്രാമവികസനകമ്മീഷണറെ സഹായിക്കുന്നതിനായി അഡീഷണല്‍ ഡെവലപ്പ്മെന്‍റ് കമ്മീഷണര്‍മാര്‍, ജോയിന്‍റ് ഡെവലപ്പ്മെന്‍റ് കമ്മീഷണര്‍മാര്‍, സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ തുടങ്ങി വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലാതലത്തില്‍ ഡെപ്യൂട്ടി ഡെവലപ്പ്മെന്‍റ് കമ്മീഷണര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ പ്രോജക്ട് ഡയറക്ടര്‍ തസ്തികയില്‍ ജില്ലാപഞ്ചായത്തിലെ ദാരിദ്ര്യ ലഘൂകരണവിഭാഗത്തിന്‍റെ മേല്‍നോട്ടം വഹിക്കുന്നു. ജില്ലകളിലെ ഭരണപരമായ മേല്‍നോട്ടം അസിസ്റ്റന്‍റ് ഡെവലപ്പ്മെന്‍റ് കമ്മീഷണര്‍ (ജനറല്‍)ക്കാണ്. മിക്കവാറും പദ്ധതികളുടെ നിര്‍വ്വഹണം ബ്ളോക്ക് പഞ്ചായത്തുകളിലൂടെയാണ് നടത്തപ്പെടുന്നത്. ബ്ളോക്ക് പഞ്ചായത്ത് തലത്തില്‍ പദ്ധതി നിര്‍വ്വഹണത്തിന്‍റെ മേല്‍നോട്ടം ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ്.
ഗ്രാമവികസന വകുപ്പിന്‍റെ കീഴില്‍ 152 വികസന ബ്ലോക്കുകള്‍ അഥവാ ബ്ലോക്ക് പഞ്ചായത്തുകളാണ് പ്രവര്‍ത്തിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ഭാഗമായ പരിശീലനങ്ങള്‍ക്കുള്ള മുഖ്യ സ്ഥാപനം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില) ആണ്. കില- സെന്‍റര്‍ ഫോര്‍ ഹ്യൂമന്‍ റിസോര്‍സ് ഡെവലപ്മെന്‍റ് , കൊട്ടാരക്കര, കില- സെന്‍റര്‍ ഫോര്‍ സോഷ്യോ- ഇക്കണോമിക് ഡെവലപ്മെന്‍റ്, കില- സെന്‍റര്‍ ഫോര്‍ ഗുഡ് ഗവേണന്‍സ് മണ്ണുത്തി, കില- സെന്‍റര്‍ ഫോര്‍ ഓര്‍ഗാനിക് ഫാമിംഗ് & വേസ്റ്റ് മാനേജ്മെന്‍റ്, തളിപ്പറമ്പ് , എന്നീ സ്ഥാപനങ്ങള്‍ ‘കില’ യുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഭക്ഷ്യ സംസ്കരണ കേന്ദ്രം ബാലുശ്ശേരി, കേരള റൂറല്‍ ഡെവലപ്പ്മെന്‍റ് ആന്‍റ് മാര്‍ക്കറ്റിംഗ് സൊസൈറ്റി(കേരംസ്), തിരുവനന്തപുരം, റൂറല്‍ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തിരുവനന്തപുരം, ഗവണ്‍മെന്‍റ് ട്രാന്‍സ്പോര്‍ട്ട് ആന്‍റ് ഇക്യൂപ്മെന്‍റ് ഓര്‍ഗനൈസേഷന്‍ മൂവാറ്റുപുഴ എന്നീ സ്ഥാപനങ്ങളും ഈ വകുപ്പിന്‍റെ ഭരണ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.
- 12584 views