2005 ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്‍റെ അടിസ്ഥാനത്തില്‍, ഗ്രാമീണ മേഖലയില്‍ അവിദഗ്ദ്ധ കായികാധ്വാനത്തിന് തയ്യാറുള്ള ഓരോ കുടുംബത്തിനും ഒരു സാമ്പത്തിക വര്‍ഷം പരമാവധി 100 ദിവസത്തെ തൊഴില്‍ ആവശ്യാധിഷ്ഠിതമായി നല്‍കുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. കേന്ദ്രസര്‍ക്കാരിന്‍റെ 2014 ജനുവരി മാസം 3-ാം തീയതിയിലെ എസ്.ഒ 19(ഇ) നമ്പര്‍ വിജ്ഞാപന പ്രകാരം 2015 തൊഴിലുറപ്പ് നിയമത്തിലെ പട്ടിക I,II പരിഷ്കരിച്ചിട്ടണ്ട്. ഇത്തരത്തില്‍ തൊഴിലുറപ്പ് നിയമം പരിഷ്കരിച്ചതു വഴി ഗ്രാമപ്രദേശങ്ങളില്‍ അധിവസിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും ഒരു സാമ്പത്തികവര്‍ഷം 100 ദിവസത്തില്‍ കുറയാത്ത അവിദഗ്ദ്ധ കായിക തൊഴില്‍ ഉറപ്പാക്കുകയും അതുവഴി നിഷ്കര്‍ഷിക്കപ്പെട്ട ഗുണമേന്മയുള്ളതും സ്ഥായിയായിട്ടുള്ളതുമായ ഉല്പാദനക്ഷമമായ ആസ്തികളുടെ നിര്‍മ്മാണവും ലക്ഷ്യമിടുന്നുണ്ട്. മണ്ണ്-ജലസംരക്ഷണ പ്രവൃത്തികള്‍ക്ക് ഊന്നല്‍ നല്‍കി കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതും ഗ്രാമീണ മേഖലയിലെ ദരിദ്രരുടെ വിഭവാടിത്തറ ശക്തിപ്പെടുത്തി ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നതും തൊഴിലുറപ്പ് പദ്ധതിയില്‍ സൃഷ്ടിക്കുന്ന ആസ്തികളിലുടെ ലക്ഷ്യമിടുന്നു.
പരിഷ്കരിച്ച തൊഴിലുറപ്പ് നിയമപ്രകാരം പ്രകൃതി വിഭവ പരിപാലനവുമായി ബന്ധപ്പെട്ട പൊതു പ്രവൃത്തികള്‍, സമൂഹത്തില്‍ അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്കുള്ള വ്യക്തിഗത ആസ്തികള്‍ (ഖണ്ഡിക 5ല്‍ പരാമര്‍ശിക്കുന്ന കുടുംബങ്ങള്‍ക്ക് മാത്രം), ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍റെ നിബന്ധനകള്‍ അനുസരിക്കുന്ന സ്വയംസഹായ സംഘങ്ങള്‍ക്ക് പൊതു അടിസ്ഥാന സൗകര്യങ്ങള്‍, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ പ്രവൃത്തികള്‍ക്കാണ് മുന്‍തൂക്കം നല്‍കിയിട്ടുള്ളത്.
പ്രസ്തുത പരിഷ്കരിച്ച തൊഴിലുറപ്പ് നിയമത്തിന്‍റെ ചുവട് പിടിച്ച് 2018-19 സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 379.19 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം 550 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് സംസ്ഥാനത്തിന്‍റെ ലേബര്‍ ബഡ്ജറ്റ് പ്രകാരം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളത് 5868 കുടുംബങ്ങള്‍ക്ക് സംസ്ഥാനത്ത് 100 ദിവസം തൊഴില്‍ നല്‍കാന്‍ സാധിച്ചിട്ടുള്ളത് എടുത്തു പറയത്തക്ക നേട്ടങ്ങളില്‍ ഒന്നാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനത്ത് ടി സാമ്പത്തിക വര്‍ഷം വിവിധ വിഭാഗങ്ങളിലായി 49689 പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയതില്‍ 90.05% തുകയും പ്രകൃതി വിഭവ പരിപാലന പ്രവൃത്തികള്‍ക്കാണ് ചെലവഴിച്ചിട്ടുള്ളത്.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര വിഹിതമായി 259648 ലക്ഷം രൂപയും സംസ്ഥാനവിഹിതമായി 20986 ലക്ഷം രൂപയും ഉള്‍പ്പടെ ആകെ 280634 ലക്ഷം രൂപയാണ് സംസ്ഥാന ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ 31/10/2018 വരെ കേന്ദ്രവിഹിതമായി 161669.58 ലക്ഷം രൂപയും സംസ്ഥാന വിഹിതമായി 6072.45 ലക്ഷം രൂപയും മുന്‍ ബാക്കിയും മറ്റിനങ്ങളിലുളള വരവുമായി ആകെ 169474.95 ലക്ഷം രൂപ ലഭ്യമായതില്‍ 126769.15 ലക്ഷം രൂപ ചെലവഴിച്ചു
- 83862 views