നാഷണൽ റർബൻ മിഷൻ

 

        കേന്ദ്ര ഗ്രാമവികസന വകുപ്പ്, 2015 സെപ്തംബറില്‍ പ്രഖ്യാപിച്ച പുതിയ പദ്ധതിയാണ് ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ (എസ്.പി.എം.ആര്‍.എം), നാഷണല്‍ റര്‍ബന്‍ മിഷന്‍ എന്ന പേരില്‍ അറിയപ്പെടുന്നു.  
       25000 മുതല്‍ 50000 വരെ ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്ത്/ഗ്രാമപഞ്ചായത്തുകളെ ഒരു വികസന ക്ലസ്റ്ററായി വിജ്ഞാപനം ചെയ്ത് ടി ക്ലസ്റ്ററിന്‍റെ സാമ്പത്തിക ഉന്നമനത്തിനും, നൈപുണ്യ വികസനത്തിനും, സംരംഭകത്വ വികസനത്തിനും, പശ്ചാത്തല വികസനത്തിനും ഊന്നല്‍ നല്‍കുന്ന പ്രോജക്ടുകള്‍ക്ക് മുന്‍തൂക്കം നല്‍കി കൊണ്ട് സ്മാര്‍ട്ട് വില്ലേജ് ആക്കുകയാണ് പദ്ധതി കൊണ്ട് വിഭാവനം ചെയ്യുന്നത്.   
     നാഷണല്‍ റര്‍ബന്‍ മിഷന്‍റെ പദ്ധതി നിര്‍വഹണചട്ടങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന താഴെ പറയുന്ന മാനദണ്ഡങ്ങളനുസരിച്ചാണ് റര്‍ബന്‍ ക്ലസ്റ്ററുകള്‍ സംസ്ഥാന സര്‍ക്കാര്‍  തിരഞ്ഞെടുക്കുന്നത്. 
     1.    ജനസംഖ്യയുടെ ദശവര്‍ഷ വര്‍ദ്ധന
     2.    കാര്‍ഷികേതര മേഖലയിലെ തൊഴിലാളികളുടെ ദശവര്‍ഷ വര്‍ദ്ധന
     3.    ഭൂമിയുടെ വിലവര്‍ദ്ധന
     4.    ഹയര്‍ സെക്കന്‍ററി തലത്തില്‍ പെണ്‍കുട്ടികളുടെ അംഗസംഖ്യ
     5.    പ്രധാനമന്ത്രി ജന്‍ധന്‍ യോജനയില്‍ അക്കൗണ്ട് ആരംഭിച്ച കുടുംബങ്ങളുടെ എണ്ണം
     6.    സ്വച്ച് ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങള്‍
     7.    ഭരണനിര്‍വഹണത്തിലെ പുതിയ മാതൃകകള്‍
      ഇന്‍റഗ്രേറ്റഡ് ക്ലസ്റ്റര്‍ ആക്ഷന്‍ പ്ലാന്‍ (ICAP) പ്രകാരം തയ്യാറാക്കുന്ന പദ്ധതികളുടെ നടത്തിപ്പിനായി വിഭവ സമാഹരണം നടത്തുമ്പോള്‍ ഉണ്ടാകുന്ന ക്രിട്ടിക്കല്‍ ഗ്യാപ്പുകള്‍ (Critical Gaps) പരിഹരിക്കുവാന്‍ ഒരു ക്ലസ്റ്ററിന് 30 കോടി രൂപ ക്രമത്തില്‍ നാലു ക്ലസ്റ്ററുകള്‍ക്കായി 120 കോടി രൂപ Critical Gaps Fund  ആയി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതാണ്.  ഈ തുക കേന്ദ്ര സംസ്ഥാന വിഹിതം 60:40 ആയി നിശ്ചയിച്ചിട്ടുണ്ട്.  പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് മുന്‍പ് വിശദമായ പദ്ധതി രേഖ (ഡി.പി.ആര്‍) തയ്യാറാക്കി     സമര്‍പ്പിക്കേണ്ടതാണ്.  
      ഒരു പ്രോജക്ടിന്‍റെ കാലാവധി 3 വര്‍ഷമാണ്.  സംസ്ഥാന സര്‍ക്കാര്‍ ക്രിട്ടിക്കല്‍ ഗ്യാപ്പ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പ്രവൃത്തികള്‍ നിലവിലെ ജനകീയാസൂത്രണ മാനദണ്ഡങ്ങള്‍ അനുസരിച്ച് പഞ്ചായത്തീരാജ് സംവിധാനത്തിലൂടെ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.
 ഇപ്രകാരം ഫേസ്-1 ല്‍ 2015-16 വര്‍ഷത്തില്‍ സംസ്ഥാനത്ത് 4 ക്ലസ്റ്ററുകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്.
ഇങ്ങനെ തിരഞ്ഞെടുത്ത ക്ലസ്റ്ററുകളുടെ സമഗ്ര വികസനത്തിനായി ഒരു ഇന്‍റഗ്രേറ്റഡ് ക്ലസ്റ്റര്‍ ആക്ഷന്‍ പ്ലാന്‍ (ICAP) തയ്യാറാക്കുകയും സംസ്ഥാന സര്‍ക്കാര്‍ അംഗികരിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്നും അംഗീകാരം നേടിയെടുക്കുകയും ചെയ്തു.  തുടര്‍ന്ന്       കില-സി.എച്ച്.ആര്‍.ഡി യെ കൊണ്ട് ഡി.പി.ആര്‍  തയ്യാറാക്കുകയും  കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
2016-17 വര്‍ഷം താഴെ പറയുന്ന പ്രോജക്ട് ക്ലസ്റ്ററുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്.


     1. കണ്ണൂർ                       -  കോട്ടയം മാങ്ങാട്ടിടം ക്ലസ്റ്റര്‍    
     2. എറണാകുളം         -  പുത്തന്‍വേലിക്കര  കുന്നുകര ക്ലസ്റ്റര്‍    
     3. കോട്ടയം                   -  പുതുപ്പള്ളി മണർകാട് ക്ലസ്റ്റര്‍   
     4. തിരുവനന്തപുരം -  വെള്ളനാട് ആര്യനാട് ക്ലസ്റ്റര്‍    

 

     ക്രിട്ടിക്കല്‍ ഗ്യാപ്പ് ഫണ്ടിന്‍റെ ആദ്യ ഗഡുവായ 20 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.  ഈ തുകയും അതിനനുസൃതമായ സംസ്ഥാന സര്‍ക്കാര്‍ വിഹിതവും (40%) ആയ 13.34 കോടി രൂപയും ചേര്‍ത്ത് 33.34 കോടി രൂപ  അനുവദിച്ചിട്ടുണ്ട്.  പ്രവര്‍ത്തി നടത്തിപ്പിനായി 21.67 കോടി രൂപ ജില്ലകള്‍ക്ക്         നല്‍കിയിട്ടുണ്ട്.  
 

     ഈ പദ്ധതിയുടെ തുടര്‍ച്ചയായി ഫേസ് 2 ആയി 4 ക്ലസ്റ്ററുകള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അംഗീകാരം നേടിയെടുക്കാന്‍ സാധിച്ചു. അവ തഴെ പറയും പ്രകാരമാണ്.  


     1.    തൃശ്ശൂര്‍       -   പുന്നയൂര്‍ക്കുളം, വടക്കേക്കാട് ക്ലസ്റ്റര്‍
     2.    മലപ്പുറം    -  എടപ്പാള്‍, വട്ടംക്കുളം ക്ലസ്റ്റര്‍
     3.    ആലപ്പുഴ   -   കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക് ക്ലസ്റ്റര്‍
     4.    കണ്ണൂര്‍        -  ചെമ്പിലോട്, പേരളശ്ശേരി ക്ലസ്റ്റര്‍

 

    ഈ ക്ലസ്റ്ററുകളുടെ ICAP തയ്യാറാക്കി കേന്ദ്ര സര്‍ക്കാരില്‍ സമര്‍പ്പിക്കുകയും ആയതിന് അംഗീകാരം ലഭ്യമാക്കുകയും ചെയ്തു. രണ്ടാം ഘട്ടത്തിലെ 4 ക്ലസ്റ്ററുകള്‍ക്ക് കേന്ദ്ര വിഹിതത്തിന്‍റെ ആദ്യ ഗഡുവായി 21.60 കോടി രൂപ 30.06.2017 ല്‍ അനുവദിച്ചിട്ടുള്ളതും ആനുപാതിക സംസ്ഥാന വിഹിതമായ 14.40 കോടി രൂപയും ചേര്‍ത്ത്  36.00 കോടി രൂപ അനുവദിക്കുകയും ചെയ്തു.തുടര്‍ന്ന് കില-സി.എച്ച്.ആര്‍.ഡി യെ കൊണ്ട് ഡി.പി.ആര്‍  തയ്യാറാക്കുകയും  കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
   
തുടര്‍ന്ന് പട്ടിക 6-ല്‍ പറയും പ്രകാരം ഫേസ്  3 ല്‍ 3 ക്ലസ്റ്ററുകള്‍ക്ക് കൂടി കേന്ദ്ര സര്‍ക്കാരില്‍ നിന്നും അംഗീകാരം ലഭ്യമായി.


     1.    കൊല്ലം          -    നെടുമ്പന, തൃക്കോവില്‍വട്ടം ക്ലസ്റ്റര്‍
     2.    പാലക്കാട്     -    പുതുക്കോട്, കാവശ്ശേരി ക്ലസ്റ്റര്‍
     3.    മലപ്പുറം        -    താനുളൂര്‍, നിറമരുതുര്‍ ക്ലസ്റ്റര്‍

 

    ഈ ക്ലസ്റ്ററുകളുടെ ICAP തയ്യാറാക്കി കേന്ദ്ര സര്‍ക്കാരില്‍ സമര്‍പ്പിക്കുകയും ആയതിന് അംഗീകാരം ലഭ്യമാക്കുകയും ചെയ്തു.   തുടര്‍ന്ന്       കില-സി.എച്ച്.ആര്‍.ഡി യെ കൊണ്ട് ഡി.പി.ആര്‍  തയ്യാറാക്കുകയും  കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

   ഫേസ് 3-ല്‍ 4-ാം ക്ലസ്റ്ററായി കണ്ണൂര്‍ ജില്ലയിലെ പിണറായി-വേങ്ങാട് ക്ലസ്റ്ററിന് 10.08.2018-ല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അംഗീകാരം ലഭിച്ചു.  ICAP തയ്യാറാക്കി കേന്ദ്ര സര്‍ക്കാരില്‍ സമര്‍പ്പിക്കുകയും ആയതിന് അംഗീകാരം ലഭ്യമാക്കുകയും ചെയ്തു.   തുടര്‍ന്ന്       കില-സി.എച്ച്.ആര്‍.ഡി യെ കൊണ്ട് ഡി.പി.ആര്‍  തയ്യാറാക്കുകയും  കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

 

സംസ്ഥാനത്തിനു ഒരു പുതിയ ട്രൈബല്‍ ക്ലസ്റ്ററായി, വയനാട് ജില്ലയിലെ മാനന്തവാടി ബ്ലോക്കിലെ തിരുനെല്ലി ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തുകൊണ്ട് കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി ലഭ്യമായിട്ടുണ്ട്. ICAP തയ്യാറാക്കി കേന്ദ്ര സര്‍ക്കാരില്‍ സമര്‍പ്പിക്കുന്നതിന് കില-സി.എച്ച്.ആര്‍.ഡി യെ നിയോഗിച്ചിട്ടുണ്ട്.
             
rurban.nic.in