എക്സ്റ്റന്‍ഷന്‍ ട്രെയിനിംഗ് സെന്‍ററുകള്‍ (ഇ.ടി.സി)

                    ഗ്രാമവികസന വകുപ്പിലെ എക്സറ്റന്‍ഷന്‍ ഓഫീസര്‍മാര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ക്ക് സാങ്കേതികവും ഭരണപരവുമായ ശേഷി വര്‍ദ്ധനവിനുതകുന്ന തരത്തില്‍ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് വികസന പരിശീലന കേന്ദ്രങ്ങള്‍ (ഇ.ടി.സി).   കൊല്ലം ജില്ലയിലെ   കില- സെന്‍റര്‍ ഫോര്‍ സോഷ്യോ- ഇക്കണോമിക് ഡെവലപ്മെന്‍റ്, കൊട്ടാരക്കര, തൃശ്ശൂര്‍ ജില്ലയിലെ,  കില- സെന്‍റര്‍ ഫോര്‍ ഗുഡ് ഗവേണന്‍സ് മണ്ണുത്തി, കണ്ണൂര്‍ ജില്ലയിലെ കില- സെന്‍റര്‍ ഫോര്‍ ഓര്‍ഗാനിക് ഫാമിംഗ് & വേസ്റ്റ് മാനേജ്മെന്‍റ്,   തളിപ്പറമ്പ് എന്നിവിടങ്ങളിലായി 3 വികസന പരിശീലന കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു. ഗ്രാമവികസന വകുപ്പിന്‍റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വികസന പരിശീലന കേന്ദ്രങ്ങളില്‍ വകുപ്പിലെ ഡെപ്യൂട്ടി ഡെവലപ്മെന്‍റ് കമ്മീഷണര്‍ റാങ്കിലുളള ഉദ്യോഗസ്ഥന്‍ പ്രിന്‍സിപ്പല്‍ ആയി പ്രവര്‍ത്തിക്കുന്നു. വിവിധ പരിശീലനപരിപാടികള്‍ കൈകാര്യം ചെയ്യുന്നതിനും പരിശീലനങ്ങളും മറ്റ് അക്കാദമിക് പ്രവര്‍ത്തനങ്ങളും സംയോജിപ്പിക്കുന്നതിനും ആയി കൃഷി, മൃഗസംരക്ഷണം, ഗ്രാമീണവ്യവസായങ്ങള്‍, സഹകരണം, ഗ്രാമവികസനം, സാമ്പത്തികശാസ്ത്രം, ഹോംസയന്‍സ് തുടങ്ങി വിവിധ മേഖലകളില്‍ പ്രാവിണ്യം ഉള്ളവരെ ലക്ച്ചര്‍മാരായും നിയമിച്ചിട്ടുണ്ട്.


                    ഗ്രാമവികസനവകുപ്പിലെയും ഇതര വികസനവകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍, ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, സന്നദ്ധസംഘടനാ ഭാരവാഹികള്‍, സ്വയം സഹായ സംഘങ്ങള്‍, കുടുംബശ്രീ തുടങ്ങിയവയിലെ ഭാരവാഹികള്‍, അംഗങ്ങള്‍, ഗ്രാമവികസന പ്രവര്‍ത്തനങ്ങള്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍, തുടങ്ങിയ  പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍,  പദ്ധതികളുമായി ബന്ധപ്പെട്ട സഹായസംവിധാനങ്ങള്‍, കര്‍ഷകര്‍, യുവജനങ്ങള്‍ തുടങ്ങിയവര്‍ക്കാണ് പ്രധാനമായും വികസന പരിശീലന കേന്ദ്രങ്ങള്‍ വഴി വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നത്. വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും നിലവിലുള്ള പരിശീലന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും വികസന  പരിശീലന കേന്ദ്രങ്ങളിലെ കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനുമാണ്പദ്ധതി വിഹിതം വകയിരുത്തിയിരിക്കുന്നത്.


                    28.09.2016-ലെ ജി.ഒ(എം.എസ്) നമ്പര്‍ 137/2016 ത.സ്വ.ഭ.വ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഗ്രാമവികസന വകുപ്പിലെ പുതുതായി നിയമിക്കപ്പെടുന്ന വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ നിലവിലുണ്ടായിരുന്ന 6 മാസത്തെ പ്രീ സര്‍വ്വീസ് പരിശീലനം പരിശീലന വിഷയങ്ങള്‍ക്ക് മാറ്റം വരുത്താതെ 3 മാസത്തെ ഇന്‍ സര്‍വ്വീസ് പരിശീലനമായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.