പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന

PMKSY

                   

 സംസ്ഥാനത്ത് കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ 2009-10 സാമ്പത്തിക വര്‍ഷം മുതല്‍ തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്തുകളില്‍ ഗ്രാമവികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ സംയോജിത നീര്‍ത്തട പരിപാലന പരിപാടി (ഐ.ഡബ്ല്യു.എം.പി) നടപ്പിലാക്കി വരികയാണ്.
     മണ്ണും. ജലവും ജൈവസമ്പത്തും തമ്മിലുള്ള സ്വാഭാവിക ജൈവബന്ധം നിലനിര്‍ത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ക്രമാനുഗതമായും ശാസ്ത്രീയമായും നടപ്പിലാക്കുകയും മണ്ണിലെ ജൈവസന്തുലിതാവസ്ഥ നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
    2009-10 ല്‍ പദ്ധതികള്‍ അനുവദിക്കപ്പെട്ടു എങ്കിലും പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് 2010-11 മുതലാണ്. 2014-15 വരെ സംസ്ഥാനത്ത് 83 പദ്ധതികളിലായി 422987 ഹെക്ടര്‍ പ്രദേശം നീര്‍ത്തട വികസനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടണ്‍്. ആകെ 58161.97 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് സംസ്ഥാനത്തിന് അനുവദിക്കപ്പെട്ടത്.
 പദ്ധതി നിര്‍വ്വഹണ ഏജന്‍സിയായി സംസ്ഥാന സര്‍ക്കാര്‍ ബ്ലോക്ക് പഞ്ചായത്തുകളെയാണ് നിശ്ചയിച്ചിട്ടുള്ളത്. പദ്ധതി നിര്‍വ്വഹണത്തിന് ബ്ലോക്ക് പഞ്ചായത്തുകളെ സഹായിക്കുന്നതിനായി സാങ്കേതിക വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി വാര്‍ട്ടര്‍ഷെഡ് ഡവലപ്മെന്‍റ് ടീം രൂപീകരിച്ചിട്ടുണ്ട്. 
    2015-16 സാമ്പത്തിക വര്‍ഷം മുതല്‍ ഈ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയുടെ നീര്‍ത്തട ഘടകം എന്ന നിലയിലാണ് നടപ്പിലാക്കുന്നത്.

 

                      പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന(നീര്‍ത്തട ഘടകം)- ഉദ്ദേശ ലക്ഷ്യങ്ങള്‍

 

മണ്ണും ജലവും ജൈവസമ്പത്തും തമ്മിലുണ്ടാകേണ്ട സ്വാഭാവിക ജൈവബന്ധം പുനഃസ്ഥാപിക്കുക.

  • പ്രകൃതിവിഭവങ്ങളുടെ സംതുലിതാവസ്ഥ നിലനിര്‍ത്തുക.
  • മഴവെള്ളം പരമാവധി സംഭരിച്ച് ഭൂഗര്‍ഭത്തിലേക്ക് റീചാര്‍ജ്ജ് ചെയ്ത് ജലവിതാനം ഉയര്‍ത്തുക.
  • ജൈവസമ്പത്തിന്‍റെ ശോഷണം തടയുകയും പരിസ്ഥിതി പുനഃസ്ഥാപനം സാധ്യമാക്കുകയും ചെയ്യുക.
  • ശാസ്ത്രീയമായ മണ്ണ്-ജല സംരക്ഷണ മാര്‍ഗങ്ങളിലൂടെ കാര്‍ഷിക-അനുബന്ധ മേഖലകളില്‍ ഉല്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുക.

 

 സംഘടനാ സംവിധാനം


സംസ്ഥാന തലം


   സംസ്ഥാനത്ത് നീര്‍ത്തട പരിപാലന പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനും ഓരോ പ്രോജക്ടിന്‍റെയും ആസൂത്രണം, നിര്‍വ്വഹണം, മോണിറ്ററിംഗ്, വിലയിരുത്തല്‍ തുടങ്ങിയവ സമയബന്ധിതമായി നടപ്പാക്കുന്നതിനും ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുതല പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പ്രവര്‍ത്തിക്കുന്നു. ഇതിന്‍റെ ചെയര്‍മാന്‍ അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണറും തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കോ-ചെയര്‍മാനുമാണ്. SLNA-യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, ഗ്രാമവികസന കമ്മീഷണറാണ്.
1.    ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍  - ശ്രീ. എന്‍. പത്മകുമാര്‍ ഐ.എ.എസ്. (9446339700)
2. അഡ്മിനിട്രേറ്റീവ് ഓഫീസര്‍ & അഡീഷണല്‍ ഡെവലപ്മെന്‍റ് കമ്മീഷണര്‍ -  വി.എസ്. സന്തോഷ് കുമാര്‍ (9446530019)
സംസ്ഥാനതല നോഡല്‍ ഏജന്‍സിയെ സഹായിക്കുന്നതിനും സാങ്കേതികവും ഭരണപരവുമായ സഹായം നല്‍കുന്നതിനും പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനും സാങ്കേതിക സഹായ യൂണിറ്റും (TSU) രൂപീകരിച്ചിട്ടുണ്ട്.

 

ജില്ലാതലം


   പദ്ധതിയുടെ ജില്ലാതല ആസൂത്രണത്തിന്‍റെയും നിര്‍വ്വഹണത്തിന്‍റെയും മേല്‍നോട്ട ചുമതല ജില്ലാ ആസൂത്രണ സമിതിക്കാണ് (DPC). ജില്ലാ ആസൂത്രണ സമിതിയെ ഈ പ്രവര്‍ത്തനത്തിന് സഹായിക്കുന്നതിന് ഒരു ജില്ലാതല കോ-ഓര്‍ഡിനേഷന്‍ സമിതി (DLCC) രൂപീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാന്‍ ആയ കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ മെമ്പര്‍ സെക്രട്ടറി ജില്ലാകളക്ടര്‍ ആണ്. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ ടെക്നിക്കല്‍ കോ-ഓര്‍ഡിനേറ്ററും, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ കണ്‍വീനറുമായിട്ടുള്ള ഈ സമിതിയുടെ സെക്രട്ടേറിയേറ്റ് ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്‍റെ (PAU) ഓഫീസ് ആണ്.

 

ബ്ലോക്ക് തലം


       കേരളത്തില്‍ IWMP യുടെ പദ്ധതി നിര്‍വ്വഹണ ഏജന്‍സി (Project Implementation Agency-PIA) യായി ബ്ലോക്ക് പഞ്ചായത്തുകളെയാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രോജക്ട് പ്രദേശത്ത് ഒന്നില്‍ കൂടുതല്‍ ബ്ലോക്കുകള്‍ ഉള്‍പ്പെടുന്നുവെങ്കില്‍ കൂടുതല്‍ പ്രദേശം ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത് ആയിരിക്കും PIA.. പദ്ധതി നിര്‍വ്വഹണ ഏജന്‍സിയെന്ന നിലയില്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് സുപ്രധാനമായ ചുമതലയാണ് നിര്‍വ്വഹിക്കാനുള്ളത്. പദ്ധതി പ്രദേശത്തിന്‍റെ പ്രത്യേകതകള്‍ക്കനുസൃതമായി ശാസ്ത്രീയമായി പ്രവൃത്തികള്‍ നിര്‍ണ്ണയിക്കുകയും പദ്ധതി നിര്‍വ്വഹണം സമയബന്ധിതമായും ഫലപ്രദമായും പൂര്‍ത്തിയാക്കുകയും ചെയ്യുക എന്നത് ബ്ലോക്ക് പഞ്ചായത്തുകളുടെ ഉത്തരവാദിത്വമാണ്. കൂടാതെ ബ്ലോക്ക് പഞ്ചായത്തിനു വിട്ടുകിട്ടപ്പെട്ട വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ സംയോജന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തേതുമാണ്.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും ആവശ്യമായ ഭരണപരവും സാങ്കേതികവുമായ സഹായ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും വേണ്ടി ബ്ലോക്ക് തല കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് (BLCC) PIA ബ്ലോക്ക് പഞ്ചായത്ത് രൂപം നല്‍കിയിട്ടുണ്ട്.

 

നീര്‍ത്തട വികസന ടീം (WDT)

   നീര്‍ത്തട വികസന ടീം (WDT) PIA യുടെ ഒരു അവിഭാജ്യഘടകമായിരിക്കും. പദ്ധതി നിര്‍വ്വഹണ ഏജന്‍സിയായ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് സാങ്കേതിക സഹായം നല്‍കുകയാണ് ഈ ടീമിന്‍റെ ചുമതല.

WDT അംഗങ്ങള്‍
1.     WDT എഞ്ചിനീയര്‍
2.    സോഷ്യല്‍ മൊബിലൈസര്‍
3.    അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്‍റ്
4.    ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍


ഗ്രാമപഞ്ചായത്ത്


  നീര്‍ത്തട വികസന പ്രവര്‍ത്തനങ്ങള്‍ പ്രായോഗിക തലത്തില്‍ നടപ്പാക്കുന്നത് ഗ്രാമപഞ്ചായത്ത് പ്രദേശത്താണ്. നീര്‍ത്തട പരിപാലന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാനും മോണിറ്റര്‍ ചെയ്യുന്നതിനും നേതൃത്വം നല്കേണ്ടത് ഗ്രാമപഞ്ചായത്തുകളാണ്.

നീര്‍ത്തട കമ്മറ്റി (WDT)


    പദ്ധതി പ്രവര്‍ത്തനം നടപ്പിലാക്കുന്നതിന് നീര്‍ത്തട തലത്തില്‍ നീര്‍ത്തട കമ്മറ്റികളാണ്.  ഗ്രാമസഭ ശുപാര്‍ശ ചെയ്യുന്നതിന്‍ പ്രകാരം രൂപീകരിക്കപ്പെടുന്ന നീര്‍ത്തട കമ്മിറ്റികള്‍ ഗ്രാമപഞ്ചായത്തുകളുടെ സബ് കമ്മിറ്റിയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ആയതിനാല്‍ ഗ്രാമപഞ്ചായത്തു കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് നീര്‍ത്തട കമ്മിറ്റികള്‍ രൂപീകരിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റാണ് നീര്‍ത്തട കമ്മിറ്റിയുടെ ചെയര്‍പേഴ്സണ്‍. വി.ഇ.ഒ. അല്ലെങ്കില്‍ ഗ്രാമപഞ്ചായത്തിനു വിട്ടുകിട്ടപ്പെട്ട മറ്റേതെങ്കിലും ഉദ്യോഗസ്ഥന്‍ ആയിരിക്കണം സെക്രട്ടറി. 


വാട്ടര്‍ഷെഡ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (WC)

         ചില നീര്‍ത്തട പ്രദേശങ്ങള്‍ ഒന്നിലധികം ഗ്രാമപഞ്ചായത്തുകളുടെ പരിധിക്കുള്ളില്‍ വരാറുണ്ട്. ഇത്തരം അവസരങ്ങളില്‍ വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിനുവേണ്ടി നീര്‍ത്തട അതിര്‍ത്തി നിര്‍ണ്ണയിക്കുമ്പോള്‍ (Delineation) തന്നെ പഞ്ചായത്തു അതിര്‍ത്തികള്‍ കൃത്യമായി വേര്‍തിരിച്ച് രേഖപ്പെടുത്തും. നീര്‍ത്തട പ്രദേശത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് തലത്തില്‍ ഒരു വാട്ടര്‍ഷെഡ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (WCC) രൂപീകരിച്ചിട്ടുണ്ട്.